* പത്താംക്ലാസിലെ എല്ലാ കുട്ടികള്‍ക്കും സൈക്കിള്‍
* പ്ലസ് ടു വിദ്യാര്‍ഥികള്‍ക്കു സൗരോര്‍ജ വിളക്ക്
* വിദ്യാര്‍ഥികള്‍ക്ക് ബൈക്കിനും കമ്പ്യൂട്ടറിനും പലിശ രഹിത വായ്പ
* ദുര്‍ബല വിഭാഗങ്ങളില്‍ ജനിക്കുന്ന പെണ്‍കുട്ടികള്‍ക്ക് ഒരുലക്ഷം രൂപയുടെ നിക്ഷേപം
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവര്‍ക്കു കിലോഗ്രാമിന് ഒരു രൂപയ്ക്കും മറ്റുള്ളവര്‍ക്ക് രണ്ട് രൂപയ്ക്കും പ്രതിമാസം 35 കിലോഗ്രാം യു.ഡി.എഫ്. പ്രകടന പത്രിക വാഗ്ദാനം ചെയ്യുന്നു. ബി.പി.എല്‍, എസ്.സി, എസ്.ടി. വിഭാഗങ്ങളില്‍ ജനിക്കുന്ന ഓരോ പെണ്‍കുട്ടിയുടെയും പേരില്‍ സര്‍ക്കാര്‍ ഒരു ലക്ഷം രൂപ നിക്ഷേപിക്കുകയും ചെയ്യും. വികസനവും കരുതലും എന്ന പേരില്‍ ഐക്യമുന്നണി തയ്യാറാക്കിയ പ്രകടന പത്രിക വെള്ളിയാഴ്ച കൊച്ചിയില്‍ പുറത്തിറക്കും.
പത്താംക്ലാസിലെത്തുന്ന എല്ലാ വിദ്യാര്‍ഥികള്‍ക്കും സൗജന്യമായി സൈക്കിള്‍, ഓരോ പ്ലസ്ടു വിദ്യാര്‍ഥിക്കും സൗരോര്‍ജ വിളക്ക്, പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്ക് കമ്പ്യൂട്ടര്‍ വാങ്ങുന്നതിനും ഇരുചക്രവാഹനം വാങ്ങുന്നതിനും പലിശ രഹിത വായ്പ തുടങ്ങിയവയാണു മറ്റു ജനപ്രിയ വാഗ്ദാനങ്ങള്‍. ഉടമയ്ക്ക് ഉടമസ്ഥാവകാശം നിലനിര്‍ത്തി ചെറുകിട പാട്ടകൃഷി പ്രോത്സാഹിപ്പിക്കും. ലാന്‍ഡ് ട്രൈബ്യൂണല്‍ വിധിപ്രകാരം കര്‍ഷകര്‍ക്ക് ലഭ്യമായ പട്ടയങ്ങളെ വ്യവഹാരമുക്തമാക്കും. സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ കൃഷിയും ഉള്‍പ്പെടുത്തും. അപകടത്തില്‍പ്പെട്ട കര്‍ഷകര്‍ക്കും കര്‍ഷകത്തൊഴിലാളികള്‍ക്കും രണ്ടുലക്ഷം രൂപ വരെ അവശതാ പെന്‍ഷന്‍ നല്‍കും. കുരുമുളക് ബോര്‍ഡ്, ഹോര്‍ട്ടികള്‍ച്ചര്‍ ബോര്‍ഡ് എന്നിവ രൂപവത്കരിക്കും തുടങ്ങിയവയും വാഗ്ദാനങ്ങളില്‍പ്പെടുന്നു.
ഇടുക്കി, വയനാട് ജില്ലകളെ പാല്‍ ഉല്പാദനകേന്ദ്രങ്ങളാക്കി മാറ്റും. ഹില്‍ഹൈവെ സമയബന്ധിതമായി പൂര്‍ത്തികരിക്കും. തീരപ്രദേശത്ത് എല്ലാ കുടുംബങ്ങള്‍ക്കും വീടും വൈദ്യുതിയും പൈപ്പ് വഴി കുടിവെള്ളവും നല്‍കും. സംസ്ഥാന ജീവനകാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും കേന്ദ്രതുല്യത ഉറപ്പുവരുത്തും. ജീവനക്കാരുടെ സ്ഥലംമാറ്റം ഓണ്‍ലൈനിലൂടെ നടത്തും. എല്‍.ഡി.എഫ്. സര്‍ക്കാര്‍ നടത്തിയ എല്ലാ പിന്‍വാതില്‍ നിയമനവും പുനഃപരിശോധിക്കും. സര്‍വകലാശാലകള്‍, കോര്‍പ്പറേഷനുകള്‍, മറ്റ് സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയിലേക്കുള്ള നിയമനങ്ങള്‍ പി.എസ്.സി. ക്ക് വിടും എന്നിവയാണു മറ്റു വാഗ്ദാനങ്ങള്‍.
മൂലധന നിക്ഷേപം വര്‍ധിപ്പിക്കാന്‍ പൊതുസ്വകാര്യ പങ്കാളിത്തം, കോര്‍പ്പറേറ്റ് നിക്ഷേപം, സഹകരണ നിക്ഷേപം, ബി.ഒ.ടി. തുടങ്ങിയവ ഉപയോഗപ്പെടുത്തും. നിക്ഷേപങ്ങളും വ്യവസായങ്ങളും വളര്‍ത്താന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്‍വെസ്റ്റ്‌മെന്റ് അഡൈ്വസറി കൗണ്‍സില്‍ രൂപവത്കരിക്കും. തിരുവനന്തപുരം, കൊച്ചി, പാലക്കാട് എന്നിവിടങ്ങളില്‍ പ്രത്യേക നിക്ഷേപ മേഖലകള്‍ക്കു രൂപംനല്‍കും. മലപ്പുറത്ത് പുതിയ നോളജ് ഹബ് തുടങ്ങും. ഐ.ടി. മേഖലയെ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കും. തിരുവനന്തപുരത്തും കൊച്ചിയിലും മെട്രൊ റെയില്‍, തെക്ക് വടക്ക് ഹൈസ്പീഡ് ട്രാന്‍സ്‌പോര്‍ട്ട് കോറിഡോര്‍ എന്നിവ പത്രികയിലെ പ്രധാന വാഗ്ദാനങ്ങളാണ്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, മംഗലാപുരം നഗരങ്ങളെ ബന്ധപ്പെടുത്തി ഷട്ടില്‍ എയര്‍ സര്‍വീസ് തുടങ്ങും.
തുഞ്ചത്തെഴുത്തച്ഛന്റെ പേരില്‍ സര്‍വകലാശാലയും അന്താരാഷ്ട്ര നിലവാരമുള്ള മള്‍ട്ടി ഡിസിപ്ലിനറി സര്‍വകലാശാലയും രൂപവത്കരിക്കും. പരമദരിദ്ര കുടുംബങ്ങളെ സര്‍ക്കാര്‍ ദത്തെടുക്കും. ബി.പി.എല്‍. കുടുംബങ്ങളിലെ പെണ്‍കുട്ടികള്‍ക്ക് വിവാഹത്തിന് ധനസഹായം നല്‍കും. കുടുംബനാഥന്റെ മരണത്തെ തുടര്‍ന്ന് അനാഥമാകുന്ന കുടുംബത്തിന് പ്രതിമാസം സഹായധനം നല്‍കും. തദേശ സ്ഥാപനങ്ങളില്‍ മത്സരിക്കാന്‍ ജോലി രാജിവെച്ച അങ്കണവാടി ജീവനക്കാര്‍ക്ക് പുനര്‍നിയമനം നല്‍കും. സ്വന്തമായി പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനം ഇല്ലാത്ത പട്ടികജാതിക്കാര്‍ക്ക് ഇവ അനുവദിക്കും. അപേക്ഷ നല്‍കി ഏഴ് ദിവസത്തിനകം വൈദ്യുതി കണക്ഷന്‍ നല്‍കും തുടങ്ങി വാഗ്ദാനങ്ങള്‍ വേറെയുമുണ്ട്.

1 comment:
Hi
Post a Comment